കനേഡിയൻ പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിക്കുന്നു; മാർച്ചിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും

By: 600110 On: Mar 2, 2026, 11:01 AM

കാനഡയിൽ പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. ഈ വർഷം മാർച്ച് 31 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഉപഭോക്തൃ വിലസൂചികയുമായി  പാസ്‌പോർട്ട് നിരക്കിനെ ബന്ധിപ്പിക്കാനുള്ള ജനുവരിയിലെ സർക്കാർ ഉത്തരവിനെത്തുടർന്നാണ് ഈ മാറ്റം. ഇതുപ്രകാരം അഞ്ച് വർഷത്തെ പാസ്‌പോർട്ടിന് 123.24 ഡോളറും പത്ത് വർഷത്തെ പാസ്‌പോർട്ടിന് 164.32 ഡോളറുമായി നിരക്ക് ഉയരും.

കാനഡയ്ക്ക് പുറത്തുനിന്നും അപേക്ഷിക്കുന്നവർ പത്ത് വർഷത്തെ പാസ്‌പോർട്ടിന് 267.02 ഡോളർ നൽകേണ്ടി വരും. 2024 ഏപ്രിലിലെ കണക്കനുസരിച്ച് 2.7 ശതമാനത്തിൻ്റെ വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്‌പോർട്ട് വിതരണത്തിനുള്ള പ്രവർത്തനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതാണ് നിരക്ക് കൂട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നിലവിലെ ഫീസിലൂടെ ലഭിക്കുന്ന വരുമാനം ഉദ്യോഗസ്ഥരുടെ ശമ്പളം, ഐ.ടി ചെലവുകൾ, പാസ്‌പോർട്ട് വിതരണം എന്നിവയ്ക്ക് തികയുന്നില്ലെന്ന് ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കി.

എന്നാൽ, സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പാസ്‌പോർട്ട് ലഭിക്കാനുള്ള കാലതാമസവും സേവനങ്ങളിലെ പോരായ്മകളും പരിഹരിക്കാതെ നിരക്ക് വർദ്ധിപ്പിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു. കുറഞ്ഞ വരുമാനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ വർദ്ധനവ് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.